സൗഹൃദം
*സൗഹൃദം*
ഒരാൾ മറ്റാരാളോടു പുലർത്തേണ്ട അഗാധവും തീവ്രവും അളവില്ലാത്ത തുമായ സ്നേഹവും ത്യാഗവും കാരുണ്യവും ചേർന്ന മൂർത്തരൂപമാണ് സൗഹൃദം. എല്ലാ കാര്യത്തിലുമുള്ള പൊരുത്തമാണ് സൗഹൃദത്തിൻ്റെ കാതൽ; നമ്മുടെ കണ്ണുകൾ പോലെ, അവ ഒരുമിച്ചു തുറക്കുകയും അടയ്ക്കുകയും കരയുകയും ഉറങ്ങുകയും ചെയ്യുന്നു, ഒരുപക്ഷെ പരസ്പരം കാണാതെ തന്നെ...
സൗഹൃദത്തിൽ, ഏറ്റെടുക്കുന്ന ത്യാഗങ്ങൾ കാണാതെ പോകുമ്പോഴാണ് അതിൽ വിള്ളൽ അനുഭവപ്പെടുന്നത്. നോക്കുക അവർ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ട്. അവള്‍ക്കു മുമ്പേ ജോലി കഴിഞ്ഞെത്തുവാന്‍ അവൻ ശ്രമിക്കുന്നു. അവളെത്തുമ്പോള്‍ അത്താഴം തയാറാക്കുന്നു. അവളുടെ നടുവിന് പ്രശ്നങ്ങളുള്ളതുകൊണ്ട് വീട് വൃത്തിയാക്കല്‍ സന്തോഷപൂര്‍വം ചെയ്യുന്നു. പൂമ്പൊടി അലര്‍ജിയുള്ളതുകൊണ്ട് തോട്ടപ്പണിയില്‍ നിന്നവളെ ഒഴിവാക്കുന്നു. ഇതൊന്നും അവള്‍ക്ക് സ്നേഹമാണെന്ന് തോന്നാത്തതെന്തുകൊണ്ട്?
സ്നേഹഭാഷകളിലെ ഈ വൈരുദ്ധ്യങ്ങള്‍ മനസ്സിലാകാതെപ്പോകുമ്പോഴാണ് അവർ നമുക്ക് നഷ്ടപ്പെട്ടവരാകുന്നത്. ഇതിനെ മറികടക്കാനുള്ള ലളിതമായൊരു രീതി, അപരന്റെ ചെരിപ്പില്‍ കാല് ചവിട്ടി കാര്യങ്ങള്‍ കാണാനുള്ള ശ്രമമാണ്. അപ്പോള്‍ മനുഷ്യരുടെ കലഹങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും നിസ്സംഗതകള്‍ക്കും അവഗണനകള്‍ക്കും ധാര്‍ഷ്ട്യങ്ങള്‍ക്കുമൊക്കെ ഒരു പുനര്‍വായന സാദ്ധ്യമായ് വരും. അപ്പോൾ മിഴികള്‍ സജലങ്ങളാകും. അതിനാൽ വായിച്ചെടുക്കാനാവണം മൊഴികളിൽ പറയാനാവാത്ത ഈ കാരുണ്യത്തെ, സ്നേഹത്തെ, ത്യാഗത്തെ... നഷ്ടപ്പെടുത്തിയ, കണ്ടില്ലെന്ന് നടിച്ച സൗഹൃദത്തെ തിരിച്ചെടുക്കാനാവട്ടെ ഈ സൗഹൃദ ദിനത്തിൽ.
കൂട്ടില്ല എന്നതായിരുന്നു പ്രകൃതിയിലെ ആദ്യ വിലാപം. കൂടെ ചിരിക്കാനും കരയാനും ഒരു സൗഹൃദം, അതാണ് ബലം.

Comments
Post a Comment